മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ എൻ വി കുറുപ്പ് ( 1931-2016). ഒ എൻ വി എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം.
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ എൻ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം നക്ഷത്രത്തിൽ ജനനം. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ എൻ വി എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. ഇപ്പോൾ കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരാണ് .
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
വാര്‍ദ്ധക്യ സഹജമായ രോഗത്താല്‍ 2016 ഫെബ്രുവരി 13ന് തിരുവന്തപുരത്തെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
No comments:
Post a Comment