രചന: ബാലാമണി അമ്മ
വെണ്ണിലാവോളമായ്, പ്പൊന്‍ വെയില്‍ നാളമായ്
മണ്ണിന്റെ മക്കള്‍ക്കുമത്തിയറ്റി
മാവേലിമന്നന്റെ മാലാറ്റും പുഞ്ചിരി
മാമലനാട്ടിനെ സ്പര്‍ശിച്ചല്ലോ.
ആ വിശ്വവന്ദ്യന്‍ തന്നാശീര്‍ വചനങ്ങ-
ളാറ്റിലും കാറ്റിലും കേള്‍ക്കായല്ലോ
ഇങ്ങേതു പാഴ് മരക്കൊമ്പിലും പക്ഷികള്‍
സംഗീതമേളം തുടര്‍ന്നാരല്ലോ.
ഭൂമിയില്‍ പച്ചപ്പും മര്‍ത്ത്യഹൃദയത്തില്‍
പ്രേമക്കുളിര്‍മ്മയും വ്യാപിച്ചല്ലോ.
പാടത്തും തോപ്പിലും പൂ തേടും മക്കളേ
പാടിക്കൊണ്ടങ്ങിങ്ങലയുവോരേ
മായാതെ നില്‍ക്കാവൂ,നിങ്ങളിലെന്നെന്നു-
മീയോണനാളുകള്‍ തന്‍ വെളിച്ചം
ഭാവി തന്‍ മുള്‍ച്ചെടിപ്പൂക്കളാക്കൈകള്‍ക്കു
നോവാതെ നുള്ളുവാനൊക്കും വണ്ണം.

No comments:
Post a Comment