ചങ്ങമ്പുഴ കൃഷ്ണപിള്ള

മലയാളത്തിന്റെ ഭാവഗായകൻ ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ തറവാട്ടിൽ 1911 ഒക്ടോബർ 10-ാ‍ം തീയതി ജനിച്ചു. അച്ഛൻ തെക്കേടത്ത്‌ വീട്ടിൽ നാരായണ മേനോൻ, അമ്മ ചങ്ങമ്പുഴ പാറുക്കുട്ടിയമ്മ. ദാരിദ്ര്യം നിമിത്തം ചങ്ങമ്പുഴയുടെ ബാല്യകാല വിദ്യാഭ്യാസം പോലും ക്ലേശകരമായിരുന്നു. ഇടപ്പള്ളി മലയാളം പ്രൈമറിസ്കൂൾ, ആലുവ സെന്റ്മേരീസ്‌ സ്കൂൾ, രാമവർമ്മ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം; .എറണാകുളം മഹാരാജാസ്‌ കോളജിലും തിരുവനന്തപുരം ആർട്ട്സ്‌ കോളജിലും പഠിച്ച്‌ ബി എ ഓണേഴ്സ്‌ ബിരുദം നേടി. കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ ചങ്ങമ്പുഴ അറിയപ്പെടുന്ന കവിയായിമാറിയിരുന്നു. “ആ പൂമാല” തുടങ്ങി വ്രണിത ഹൃദയത്തിൽ ഒടുങ്ങുന്ന 53 കവിതകളുടെ സമാഹാരമായ “ബാഷ്പാജ്ഞലി” അദ്ദേഹത്തിന്റെ 23-ാ‍ം വയസ്സിൽ പ്രസിദ്ധീകരിച്ചു. 1940-ൽ പഠനം പൂർത്തിയാകുന്നതിന്‌ മുൻപുതന്നെ തന്റെ ഗുരുനാഥൻ കൂടിയായ രാമൻ മേനവന്റെ പുത്രിയായ ശ്രീദേവിയമ്മയെ ചങ്ങമ്പുഴ വിവാഹംചെയ്തു.
            അധ്യാപകനാവുക – ചങ്ങമ്പുഴയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. ആ മോഹത്തോടെ ആണ്‌ 1939-ൽ ചങ്ങമ്പുഴ തിരുവനന്തപുരം ആർട്ട്സ്‌ കോളേജിൽ ബി എ ഓണേഴ്സിന്‌ ചേർന്നത്‌. എന്നാൽ ഫലം നിരാശാ ജനകമായിരുന്നു. ഒരുവിധം നന്നായി പരീക്ഷ എഴുതിയെങ്കിലും വെറും മൂന്നാം ക്ലാസ്സുകൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്ന അദ്ദേഹത്തിന്‌ ഗവേഷണ പഠനത്തിന്‌ സൗകര്യംലഭിച്ചില്ല. ഈ ദുഃഖം കോളജിലെ തന്റെ അഭിവന്ദ്യ ഗുരുനാഥനായ ഡോ.ഗോദവർമയ്ക്കെഴുതിയ സുദീർഘമായ കത്തിൽ വെളിവാക്കുന്നുണ്ട്‌. 1942-ൽ കായംകുളത്ത്‌ “എക്സൽസിയർ” ട്യൂട്ടോറിയലിൽ പ്രൊഫ. എസ്‌. ഗുപ്തൻനായർ, മാത്യു ഇടിക്കുള, ഇഗ്നേഷ്യസ്‌ എന്നിവരോടൊപ്പം മലയാളം അധ്യാപകനായി. പ്രഗൽഭനായ ഒരു ഭാഷാധ്യാപകന്റെ കഴിവുകളിലൂടെ ചങ്ങമ്പുഴ കുട്ടികളുടെ സ്നേഹവും ആദരവും പിടിച്ചുപറ്റി. അവിശ്രമമായ ഒരു പ്രയത്നമായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനം. സാമ്പത്തിക പ്രശ്നങ്ങൾ ദിനം തോറും വഷളായിക്കൊണ്ടിരുന്നപ്പോഴാണ്‌ അദ്ദേഹം സൈന്യത്തിൽ ചേർന്നത്‌. കാൽപനികതയും കേരളത്തിലെ നീലനിലാവും നീലാകാശവും വെള്ളിമേഘങ്ങളും മലരണിക്കാടുകളും ഭാവനയിൽഒഴുകി നടന്നതിനാൽ തന്റെ വിരലുകൾക്ക്‌ തോക്കുകൾ അധികപ്പറ്റായി മാറി. സൈന്യത്തിൽ നിന്ന്‌ രാജിവച്ച്‌ മദ്രാസ ്ല‍ോ-കോളജിൽ ചേർന്നെങ്കിലും പഠനം മുഴുമിപ്പിക്കാതെ നാട്ടിലേയ്ക്ക്‌ മടങ്ങി. നിരവധി കവിതാസമാഹാരങ്ങൾ, ഖണ്ഡകാവ്യങ്ങൾ, പരിഭാഷകൾ, നോവൽ എന്നിങ്ങനെ അൻപത്തിയേഴ്‌ കൃതികൾ മലയാളിക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌ ചങ്ങമ്പുഴ. മലയാളമുള്ളിടത്തോളം കാലം ജീവിക്കുന്ന അനശ്വരമായ ആ കാവ്യപ്രപഞ്ചത്തിന്റെ ദൈർഘ്യം 1931-മുതൽ 1948 വരെ പതിനേഴുവർഷം കൊണ്ട്‌ പരിസമാപ്തിയായി. 23-ാ‍മത്തെ വയസിൽ പുറത്തിറങ്ങിയ ആദ്യ കവിതാസമാഹാരമായ ബാഷ്പാഞ്ജലി മുതൽ 6.6.1948-ൽ പുറത്തുവന്ന “നീറുന്ന തീച്ചുള” എന്ന അവസാന സമാഹാരം വരെയുള്ള 57 കൃതികൾ ഓരോന്നും പുറത്തിറങ്ങിയ കാലത്ത്‌ ഓരോ സംഭവമായിരുന്നു. ഇതിൽ 25-ാ‍മത്തെ വയസ്സിൽ പുറത്തിറക്കിയ “രമണൻ” എന്ന മലയാളത്തിലെ ആദ്യ നാടകീയ വിലാപകാവ്യം ചങ്ങമ്പുഴയുടെ മാസ്റ്റർപീസായും മലയാള കാവ്യരംഗത്തെ ഒരത്ഭുത പ്രതിഭാസമായും ഇന്നും കണക്കാക്കുന്നു. ചങ്ങമ്പുഴയുടെ ആത്മമിത്രമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ സ്മാരകമുദ്രയായിട്ടാണ്‌ “രമണൻ” സമർപ്പിച്ചിട്ടുള്ളത്‌. ആഹ്ലാദപൂർണമായ മനസോടെ ഒരു കാലഘട്ടത്തിലെ മലയാളി ഇത്രയേറെ ഹൃദയത്തിലേറ്റിയ ഒരു കാവ്യസൃഷ്ടി ഇല്ല എന്നുതന്നെ പറയാം. പിന്നീട്‌ ഇതേ പേരിൽ ചലച്ചിത്ര ഭാഷ്യം ഇറങ്ങിയപ്പോൾ അതിലെ ശ്രുതിമധുരമായ ഗാനങ്ങളും പ്രേക്ഷകർ ഹൃദയപൂർവ്വംസ്വീകരിച്ചു. രക്തപുഷ്പങ്ങൾ, പാടുന്ന പിശാച്‌, ദേവഗീതം (ജയദേവന്റെഗീതാഗോവിന്ദത്തിന്റെ പരിഭാഷ) സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗസുധ എന്നീ സമാഹാരങ്ങളും ചങ്ങമ്പുഴയ്ക്ക്‌ പ്രശസ്തി നേടിക്കൊടുത്തു.
          അന്യഭാഷാരചനകൾ ചങ്ങമ്പുഴ മലയാളത്തിലേയ്ക്ക്‌ തർജ്ജമ ചെയ്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മൊഴി മാറ്റങ്ങളിൽ ഏറെ ശ്രദ്ധേയമായവ ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിന്റെ വിവർത്തനമായ “ദേവഗീത”യും, സോളമന്റെ ഭാഷാന്തരമായ ദിവ്യഗീതവുമാണ്‌. ഇന്ത്യൻ സാഹിത്യത്തിൽ നിന്ന്‌ കാളിദാസൻ, ടാഗോർ, സരോജിനി നായിഡു, ഹരീന്ദ്രനാഥചതോപാദ്ധ്യായ എന്നിവരുടെ കൃതികളാണ്‌ അദ്ദേഹം പ്രധാനമായും വിവർത്തനം ചെയ്തത്‌. പൗരസ്ത്യ മേഖലയിൽ നിന്ന്‌ ചങ്ങമ്പുഴ ഏറെയും തെരഞ്ഞെടുത്തിട്ടുള്ളത്‌ ജാപ്പനീസ്‌ കവിതകളാണ്‌. പാശ്ചാത്യസാഹിത്യ ചക്രവാളത്തിൽ നിന്നാണ്‌ ചങ്ങമ്പുഴ ഏറെയും നക്ഷത്രങ്ങൾ പെറുക്കിയെടുത്തത്‌. ഷേക്സ്പിയറും കീറ്റ്സും ഷെല്ലിയും ഷില്ലറും ഗോയ്ഥേയും അണിനിരന്ന വൻതാരനിരയെയാണ്‌ ചങ്ങമ്പുഴ അണി നിരത്തിയത്‌. കേരളക്കരയെ മുഴുവൻ ദുഃഖത്തിലാഴ്ത്തി 1948 ജൂൺ 17 ന്‌ തൃശൂരിലെ മംഗളോദയം നഴ്സിങ്ൻഘോമിൽ വച്ച്‌ മുപ്പത്തിയേഴാമത്തെ വയസിൽ ആ പ്രതിഭാ സമ്പന്നൻ നിര്യാതനായി. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്ക്കാരിക സമിതി പ്രവർത്തിച്ചു വരുന്നു.

3 comments:

  1. ujrfruhrdguvr7dvgn7drvg7d5evg7d5eden7envg7drvggrdtvghjdd6e6ewscfvrn vgfdrevfgcfughfcdxsxdcfvgbhgvfcdsxdgfvhbnbgvsxzaxdcaszcfgfvcgvcgv

    ReplyDelete
    Replies
    1. 9/////////////////.///...////////////;////,,,\\\\\\\\\\\\\\\\\\\\\\\\\\\\ 9895735915';

      Delete